പൂനിലാവ്‌

Wednesday, February 09, 2011

ഞാനിപ്പോ മെട്രോയിലാ !

എന്റെ ഒരു അകന്ന ബന്ധുവും അടുത്ത സുഹൃത്തുമായ ഒരാള്‍ കുറേക്കാലം ഇവിടെ യു.ഏ.ഈ യില്‍ ജോലി ചെയ്ത് ഒരു മാറ്റം ആഗ്രഹിച്ച് ജോലിയില്‍ നിന്നും വിട്ട് നാട്ടില്‍ പോയിട്ടുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും ഒരു കോള്‍ എന്നെ തേടി എത്തി. സംസാരിക്കവേ, വന്നിട്ട് രണ്ടൂന്നു ദിവസമായെന്നും ഓരോരുത്തരെയായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നുമൊക്കെ പറഞ്ഞു. ഗ്രാഫിക്സ് ഡിസൈനില്‍ അഗ്രഗണ്യനായ അദ്ദേഹം എവിടെയാണ് ജോലി തരപ്പെടുത്തിയിരിക്കുന്നതെന്നറിയാന്‍ ഞാന്‍ ചോദിച്ചു:

“അല്ലാ... ഇപ്പോ എവിടെയാ ഉള്ളത്?”
“ഞാനിപ്പോ മെട്രോയിലാ...!”

അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ മെട്രോ എന്ന പേരുള്ള ഒരു പ്രസ്സില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്നത് ഓര്‍മ്മയുള്ളതിനാല്‍ അവിടെ അല്ലല്ലോ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ ചോദിച്ചു:

“നമ്മുടെ ദുബായിലെ ട്രെയിന്‍ മെട്രോയില്‍ തന്നെ അല്ലേ?”
“അതെ, അതെ - അതില്‍ തന്നെ”
“അല്‍ഹംദുലില്ലാഹ്... ഖൈറാവട്ടെ! അതിരിക്കട്ടെ, എപ്പോഴാ അതില്‍ കയറിയത് ? ”

ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരമായിരുന്നു പിന്നെ ഞാന്‍ കേട്ടത്:

“ദാ... കഴിഞ്ഞ സ്റ്റോപ്പില്‍ നിന്ന് കയറിയതേ ഉള്ളൂ... രണ്ടു സ്റ്റോപ്പ് കഴിഞ്ഞ് യൂനിയന്‍ സ്‌ക്വയറില്‍ ഇറങ്ങണം”

അപ്പോഴേ ഒരു യാത്രക്കാരനായാണ് അദ്ദേഹം അതില്‍ കയറിയിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായതുള്ളൂ ! ചുരുക്കത്തില്‍ ആളിപ്പോ വിസിറ്റിലാണെന്നും ജോലി അന്വേഷണത്തിലാണെന്നും എന്നെ അറിയിച്ചു.

അപ്പോ പ്രിയപ്പെട്ട വായനക്കാരേ, ചങ്ങാതിമാരേ, ഗ്രാഫിക്സ് ഡിസൈനില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള വളരെ ടാലന്റടായിട്ടുള്ള സ്വതസിദ്ധമായ ഡിസൈന്‍ ചാരുതയും ശൈലിയും സ്വായത്തമാക്കിയ ഒരു ഡിസൈനറെ ആവശ്യമുള്ളവര്‍ എന്നെ വിവരമറിയിക്കുക - ഈ ബ്ലോഗില്‍ കമന്റായോ husnijifri എന്ന എന്റെ ജീമെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ബ്ലോഗിന്റെ ഒരു ലിങ്ക് അദ്ദേഹത്തിനും അയക്കുന്നുണ്ട്. ബ്ലോഗിലെ കമന്റുകള്‍ കണ്ട് അദ്ദേഹത്തിന് നേരിട്ട് വിവരം അറിയാം. മെയില്‍ വഴി വരുന്നവ ഞാനദ്ദേഹത്തിനു അയച്ചു കൊടുക്കുകയും ചെയ്യാം ഇന്‍ഷാ അല്ലാഹ്.

Friday, November 26, 2010

മലയാളി പൊട്ടിത്തെറിച്ചു ! പാക്കിസ്ഥാനി ഞെട്ടിത്തരിച്ചു !


“ത്രെയാ”
“ ട്ട് ”
“ട്ടോ”
“ ട്ട് ”
“ട്ടോ”
“ട്ടു”
“ട്ടെ, ട്ടോ”

മുകളില്‍ എഴുതിയത് വായിച്ചപ്പോ വല്ലതും മനസ്സിലായോ? ഇന്നുച്ചക്ക് എന്റെ കൂടെ ഗ്രോസറിയില്‍ നിന്നും ഉച്ചഭക്ഷണത്തിനു പകരമായുള്ള ഞങ്ങളുടെ സ്ഥിരം അല്ലറ ചില്ലറ ഭോജനസാമഗ്രികള്‍ വാങ്ങാനായി വന്ന പാക്കിസ്ഥാനി സഹപ്രവര്‍ത്തകനും ഒന്നും മനസ്സിലായിട്ടുണ്ടാവില്ല. മാത്രമല്ല, അങ്ങേര് ഒരല്‍പ്പം ഞെട്ടിപ്പോയി എന്നു പിന്നീടെന്നോട് ഇക്കാര്യം ഉദ്ധരിച്ച് പറഞ്ഞപ്പോള്‍, ആ കോണില്‍ നിന്ന് സംഭവം വീക്ഷിച്ച എനിക്ക് ചിരി അടക്കാനായില്ല. “ഈ മലയാളികളുടെ ഒരു പൊട്ടിത്തെറി സംസാരം“ എന്ന് മൂപ്പര്‍ ആത്മഗതം ചെയ്തിട്ടുണ്ടാവും. ഒരു തൃശ്ശൂര്‍ക്കാരന്റെ സംസാരം കേട്ടാല്‍ അങ്ങേര്‍ എന്ത് കരുതുമെന്നും ചിന്തിച്ചു പോയി. എന്തായാലും യഥാര്‍ത്ഥ സംഭവം ഇപ്രകാരം:-

വാങ്ങാനുള്ളവ തപ്പിയെടുത്ത് കൊണ്ടുവന്ന് കൌണ്ടറിലെ ടേബിളിന്മേല്‍ പരത്തി വെച്ച് കടയുടമയോടുള്ള ചോദ്യത്തില്‍ നിന്നാണ് തുടക്കം: “എത്രയാ?”

ഒരു കീശ(സഞ്ചി)യിലേക്ക് എല്ലാം വാരിയിട്ട്, അതിനൊപ്പം കണക്ക് കൂട്ടി കടയുടമയുടെ മറുപടി: “എട്ട് ”

ഒന്നുറപ്പു വരുത്താന്‍ എന്റെ മറുചോദ്യം: “എട്ടോ?”

കടയുടമ കട്ടായം പറഞ്ഞു: “ങ്ഹാ, എട്ട് ”

കീശ തൂക്കി അതിലേക്ക് ചൂണ്ടി എല്ലാം അതിലിട്ടില്ലേ എന്ന അര്‍ത്ഥത്തില്‍ ആഗ്യം കാണിച്ചു ഞാന്‍ കടയുടമയോട് ചോദിച്ചു: “ഇട്ടോ?”

അതും കടയുടമ‍ ഡീസന്റായി മറുപടി പറഞ്ഞു: “ഇട്ടു”

സംതൃപ്തിയോടെ കടയുടമയോട് ഒരു ഉപചാരം ചൊല്ലി ഞാന്‍ പിരിഞ്ഞു: “പോട്ടെ, കേട്ടോ...”

മലയാളിയുടെ സ്വതസിദ്ധമായ തലകുലുക്കി പുഞ്ചിരിയോടെ കടയുടമ പ്രതികരിച്ചതിനു പിന്നാലെ, ഞാനും മേല്‍ പറഞ്ഞ എന്റെ സഹപ്രവര്‍ത്തകനും പുറത്തേക്ക്. അപ്പോഴായിരുന്നു അങ്ങേര്‍ ആകാംക്ഷ അടക്കാനാവാതെ പൊട്ടിത്തെറി സംസാരത്തിന്റെ പിന്നിലെ രഹസ്യം ചോദിച്ചത് - പാവം!

ആശാന്‍ പിന്നെ ചോദിച്ചത് “പൊട്ടിത്തെറി അവിടെ നിക്കട്ടെ, എന്താ അവസാനം വെച്ച് ഉരുളക്കിഴങ്ങിനെ പറ്റി പറഞ്ഞത്? നാം അതു വാങ്ങിയിട്ടില്ലല്ലോ.” എന്നാണ്. ശ്ശോ, ഇറങ്ങാന്‍ നേരം “പോട്ടെ, ട്ടോ” എന്നു പറഞ്ഞത് ആശാന്‍ ഉരുളക്കിഴങ്ങാക്കിയല്ലോ എന്നാലോചിച്ചായി എന്റെ അടുത്ത പൊട്ടിച്ചിരി.

ഹോ - ഈ മലയാളികളുടെ ഒരു സംസാര ശൈല്യേ...!

Labels: , , ,

Thursday, September 14, 2006

ഏവരുടേയും പ്രത്യേക ശ്രദ്ധക്ക്

സമയം ഏകദേശം വൈകുന്നേരം ഒരു ഏഴ് - ഏഴര മണി. അന്നത്തെ ജോലികള്‍ ഒരു വിധം ഒതുക്കി വെച്ച് ബാക്കി വന്ന കാര്യങ്ങള്‍ മനസ്സിലിട്ട് കൂട്ടിയും കിഴിച്ചും നിങ്ങള്‍ വീട്ടിലേക്ക് വരുന്നതായി ഒന്നു സങ്കല്‍പ്പിക്കുക. വണ്ടി ഓടിക്കുന്നതിനിടെ വീട്ടിലെ കാര്യങ്ങളും മനസ്സിലേക്ക് കടന്നു വരുന്നു. എല്ലാം കൂടി ആകെ ഉലഞ്ഞു കൊണ്ടിരിക്കുന്ന മനസ്സിനെ എങ്ങനെ ശാന്തമാക്കുമെന്നാലോചിച്ച് വേവലാതി വേറെ...

അപ്പോഴാണ് താങ്കള്‍ക്ക് പെട്ടെന്ന് സഹിക്കാനാവാത്ത ഒരു നെഞ്ഞ് വേദന അനുഭവപ്പെടുന്നത്. അതാകട്ടെ, കൈകളിലേക്കും പിരടിയിലേക്കും വ്യാപിക്കുകയും ചെയ്യുന്നു. ദിവസവും ലിഫ്റ്റ് കൊടുക്കാറുള്ള സഹപ്രവര്‍ത്തകന്‍ ഇന്നു ലീവായതിനാല്‍ സഹായിക്കാന്‍ കൂടെ ആരുമില്ല. തൊട്ടടുത്ത് ആശുപത്രികളൊന്നും ഇല്ല താനും. എന്തു ചെയ്യും ?

സ്ഥാപനം പ്രത്യേകം ഏര്‍പ്പാടാക്കിയ ‍CPR സെഷനുകളില്‍ ഒരു ഹൃദായാഘാതം നേരിടുന്ന സഹപ്രവര്‍ത്തകനെ എപ്രകാരം പ്രഥമ ശുശ്രൂഷ നല്‍കി പരിരക്ഷിക്കാം എന്നൊക്കെ പഠിച്ചത് ഓര്‍മ്മ വരുന്നു. പക്ഷെ സ്വയം രക്ഷക്ക് എന്തു ചെയ്യണം എന്നറിയില്ലല്ലോ... അതും ഇങ്ങനെ ആരും കൂടെയില്ലാത്ത ഒരവസരത്തില്‍... തനിക്കിപ്പോ മുപ്പതു വയസ്സു പോലും ആയിട്ടില്ലല്ലോ എന്നു കരുതി ഇങ്ങനെ ഒരു സാഹചര്യം ഒട്ടും പ്രതീക്ഷിച്ചതുമല്ലല്ലോ. എന്തു ചെയ്യും...?

തനിച്ചിരിക്കുന്ന അവസരത്തില്‍ ഒരു ഹൃദായാഘാതം സംഭവിച്ചാല്‍ എങ്ങനെ മറികടക്കാം? സാധാരണയാ‍യി മിക്ക പേര്‍ക്കും പരിചരിക്കാനാരുമില്ലാതെ തനിച്ചിരിക്കുന്ന അവസരത്തിലാണ് ഹൃദയാഘാതമുണ്ടാവാറ്. ഹൃദയം അസാധാരണമായി മിടിക്കുകയും ബോധം ഇപ്പോ മറയും എന്ന് തോന്നലുണ്ടാവുകയും ചെയ്യുന്ന ഒരാള്‍ക്ക് കഷ്ടിച്ച് 10 സെക്കന്റോളമേ സുബോധത്തോടെ കിട്ടാനിടയുള്ളൂ. ഇത്തരം സാഹചര്യത്തില്‍ ഒരാള്‍ക്ക് എന്തു ചെയ്യാനാവും...?

ഉത്തരമിതാ: ഒട്ടും വെപ്രാളപ്പെടാതെ, തുടര്‍ച്ചയായി ഉറക്കെ ചുമക്കുകയും ധാരാള‍മായി ആഞ്ഞു ശ്വസിക്കുകയും ഇടവിട്ട് ചെയ്യുക. അതായത്, ഓരോ ചുമക്കു മുന്‍പും ദീര്‍ഘമായി ശ്വസിക്കുക. പിന്നെ, കഴിവിന്റെ പരമാവധി ശക്തിയില്‍ ചുമക്കുക. ഒരു സഹായം കിട്ടുന്നത് വരെയോ ഹൃദയമിടിപ്പ് സാധാരണ നിലയില്‍ വരുന്നത് വരെയോ ഓരോ രണ്ട് സെക്കന്റിലും ഇക്കാര്യം നിര്‍ത്താതെ തുടരുക.
ആഞ്ഞു ശ്വസിക്കുന്നത് മതിയായ ഓക്സിജന്‍ ശ്വാസകോശത്തിലെത്തിക്കും. ചുമക്കുന്നത് പ്രവര്‍ത്തനം നിലക്കാന്‍ പോവുന്ന ഹൃദയത്തെ ഉത്തേജിപ്പിച്ച് പുതു ഊര്‍ജ്ജം നല്‍കി സാധാരണ നില കൈവരിക്കുന്നതിന് സഹായകമാകും. ചുമ മൂലം ശരീരമാകെ ഒന്നു വിറ കൊള്ളുമ്പോള്‍, രക്തചംക്രമണം ശരിയാം വിധം നടക്കാനിടയാകും. ഇപ്രകാരം ഒരു ഹൃദയാഘാതത്തില്‍ നിന്നും അല്ലെങ്കില്‍ അതിന്റെ മാരകമായ അവസ്ഥയില്‍ നിന്നും ഒരാള്‍ക്ക് താല്‍ക്കാലിക രക്ഷ നേടാന്‍ ശ്രമിക്കാം. കാരുണ്യവാനായ ലോകൈകനാഥന്റെ തുണയുണ്ടെങ്കില്‍, ശരിയായ ചികിത്സ വഴി ആള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും ആവാം.

മുന്‍‌കരുതലുകള്‍: ജീവിത ശൈലിയാണ് ചെറു പ്രായത്തില്‍ പോലും ഇക്കാ‍ലത്ത് ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ക്ക് കാരണം. പ്രധാനമായും മനസ്സിലെ ടെന്‍ഷനുകള്‍ ഒഴിവാക്കുക. വെപ്രാളപ്പെടാതെ, പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക. വിഷമാവസ്ഥകളില്‍ എപ്പോഴും, ആശ്വാസം കൊള്ളാനായി താഴെക്കും, പരിഹാരം കാണാനായി, ഉത്തേജനം കിട്ടാനായി മുകളിലേക്കും നോക്കാന്‍ ശ്രമിക്കുക. അധമബോധം, അസൂയ തുടങ്ങിയവ വെടിയുക. എപ്പോഴും ശുഭാപ്തി വിശ്വാസം കൈമുതലാക്കുക. അഹംഭാവം വലിച്ചെറിയുകയും ആ സ്ഥാനത്ത് ആത്മവിശ്വാസം നിറക്കുകയും ചെയ്യുക. കഴിയും വിധം ശരീരത്തിനും മനസ്സിനും ആവശ്യമായ വ്യായാമം ചെയ്യുക. ഭക്ഷണം കരുതലോടെ കഴിക്കുക. സര്‍വ്വോപരി, എല്ലാം നിയന്ത്രിക്കുന്ന ജഗന്നിയന്താവില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുക അവിടുത്തെ ശാസനകള്‍ അനുസരിക്കുക. എല്ലാവര്‍ക്കും സര്‍വ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യവും നേരുന്നു. സസ്നേഹം പുഞ്ചിരി.

Monday, September 04, 2006

വിവര്‍ത്തന യന്ത്രം‌

പ്രിയമുള്ള ബൂലോഗ ബ്ലൊഗുലകരെ,
നമ്മുടെ മൊഴി എന്ന key mapping system വഴി മലയാളം സുഗമമായും സുന്ദരമായും റ്റൈപ്പ്‌ ചെയ്യുന്നത് ഇത്തിരി ആര്‍ഭാടത്തോടെ തന്നെ എന്റെ ചങ്ങാതിമാര്‍ക്ക് പരിചയപ്പെടുത്തി വരവേയാണ് ഒരു കിടിലന്‍ സംഗതി അണിയറയില്‍ തയ്യാറായി വരുന്നതായി ഒരു സുഹൃത്ത് വിവരം അറിയിച്ചത്. എന്തെന്നാല്‍, നാം ഇവിടെ, മൊഴിയില്‍ ‘inthya' എന്ന് റ്റൈപ്പ് ചെയ്യുമ്പോള്‍ ‘ഇന്ത്യ’ എന്ന്‌ ലഭിക്കുമല്ലോ. എന്നാല്‍ ലവന്റെ കയ്യില്‍ ഉള്ള കുന്ത്രട്ടാണം വഴി തര്‍ജുമ തന്നെ ലഭിക്കുമത്രെ. ന്ന്വച്ചാല്‍, ‘ഇന്ത്യ എന്റെ രാജ്യമാണ്’ എന്ന്‌ കിട്ടാന്‍ ‘India is my country' എന്ന്‌ റ്റൈപ്പ്‌ ചെയ്താല്‍ മതിയെന്ന്‌. ഇനിയെന്തെല്ലാം ഈ ലോഗ ബൂലോഗത്ത് കാണാന്‍ കിടക്കുന്നു!

പിന്നെ, ഞാന്‍ ചെറുതായി ബ്ലോഗ്ഗിങ് പരിപാടി ആരംഭിച്ചിരിക്കുകയാണെന്നും, അതിവിടെ http://poonilavu.blogspot.com/ ലഭ്യമാണെന്നും ഒരു ചെറിയ അറിയിപ്പായി ഇവിടെ, ഈ ബൂലോഗ മതിലില്‍, ഒരു കടലാസൊട്ടിച്ചോട്ടേ... പക്ഷെ, എന്റെ ആദ്യത്തെ രചന മുഴുമിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ കഴിവതും വേഗം അത് ഒന്നു പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാം എന്നേ എനിക്കിപ്പോള്‍ പറയാന്‍ കഴിയൂ. എതായാലും, ചന്തുവേട്ടന് [മ്പടെ, റേഡിയോ ജൊക്കി ചന്തു തന്നെ, ആ ഓണപ്പാട് ഇവിടെ പ്രതിഷ്ഠിച്ച ചന്തു, ചതിക്കാത്ത ചന്തു :-) ] ന്റെ റൊമ്പ നന്ദി ഉണ്ട് ട്ടോ, മലയാളം ഇപ്രകാരം റ്റൈപ്പ്‌ ചെയ്യാന്‍ വേണ്ട ക്രമീകരണങ്ങള്‍ അറിയിച്ചു തന്നതിന്.
അപ്പോ, മ്പളെ ബിരിയാണിക്കുട്ടി പറഞ്ഞ പോലെ, പഞ്ചായത്ത്‌ വക മൈക്കിതാ ഞാന്‍ കൈ മാറുന്നു - ആരിക്ക്‌ വേണാച്ച്വാല്‍ എടുക്കുക, അര്‍മ്മാദിക്കുക. എന്റെ ഹാര്‍ദ്ദവമായ ഓണാശംസകള്‍.

Thursday, August 24, 2006

ഞാനും എന്റെ മാമനും...

പൂനിലാവ്‌ - അതൊരു അനുഭവിച്ചറിയേണ്ട ആസ്വാദനമാണ്. എന്നെ ഗതകാല സ്മരണകളിലെ ഒരു മനോഹര നിശീധിനിയിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോവുന്ന ഒരു സുന്ദര പദം. അതിനെ പറ്റി, അന്ന്‌ സംഭവിച്ച മറക്കാനാവാത്ത ആ അനുഭവത്തെ ഞാന്‍ നിങ്ങളുമായി പങ്കു വെക്കാനാഗ്രഹിക്കുന്നു...

അന്ന്‌ നാലാം വയസ്സിലെ നട്ടപ്പിരാന്ത്‌ എന്ന്‌ ചുറ്റുമുള്ളവര്‍ വിശേഷിപ്പിച്ചിരുന്ന സമയമായിരുന്നു എനിക്ക്. ചിലപ്പോള്‍ ഒരല്‍പ്പം കൂടി മുന്നോട്ട്‌ പോയിരുന്നൊ എന്ന്‌ തീര്‍ത്ത്‌ പറയാന്‍ പറ്റില്ല. ഇന്നിപ്പോള്‍ ഞങ്ങളെ വിട്ട്‌ പിരിഞ്ഞ്‌, ജഗന്നിയന്താവായ നാഥന്റെ അരികിലേക്ക്‌ കൂട്‌ മാറിയ, എന്റെ പ്രിയപ്പെട്ട മാമന്റെ കൂടെ ഗ്രാമഭംഗി നുകരുവാന്‍ ഒന്ന്‌ പുറത്തിറങ്ങിയതായിരുന്നു ആ സുന്ദര രാത്രിയില്‍ ഞാന്‍. നല്ല പൂനിലാവ്‌ തൂകി നില്‍ക്കുന്ന രാവിന്റെ മനോഹാരിത മനസ്സിന്റെ ആഴങ്ങളില്‍ ഉള്‍ക്കൊണ്ട്‌, മാമന്റെ മരുമോനോടുള്ള (ഇവിടെ മരുമകന്‍ എന്നാല്‍ അനന്തരവന്‍ അഥവാ nephew) പുന്നാരം പറച്ചിലുകള്‍ വേണ്ടുവോളം ആസ്വദിച്ച്‌