പൂനിലാവ്‌

Friday, November 26, 2010

മലയാളി പൊട്ടിത്തെറിച്ചു ! പാക്കിസ്ഥാനി ഞെട്ടിത്തരിച്ചു !


“ത്രെയാ”
“ ട്ട് ”
“ട്ടോ”
“ ട്ട് ”
“ട്ടോ”
“ട്ടു”
“ട്ടെ, ട്ടോ”

മുകളില്‍ എഴുതിയത് വായിച്ചപ്പോ വല്ലതും മനസ്സിലായോ? ഇന്നുച്ചക്ക് എന്റെ കൂടെ ഗ്രോസറിയില്‍ നിന്നും ഉച്ചഭക്ഷണത്തിനു പകരമായുള്ള ഞങ്ങളുടെ സ്ഥിരം അല്ലറ ചില്ലറ ഭോജനസാമഗ്രികള്‍ വാങ്ങാനായി വന്ന പാക്കിസ്ഥാനി സഹപ്രവര്‍ത്തകനും ഒന്നും മനസ്സിലായിട്ടുണ്ടാവില്ല. മാത്രമല്ല, അങ്ങേര് ഒരല്‍പ്പം ഞെട്ടിപ്പോയി എന്നു പിന്നീടെന്നോട് ഇക്കാര്യം ഉദ്ധരിച്ച് പറഞ്ഞപ്പോള്‍, ആ കോണില്‍ നിന്ന് സംഭവം വീക്ഷിച്ച എനിക്ക് ചിരി അടക്കാനായില്ല. “ഈ മലയാളികളുടെ ഒരു പൊട്ടിത്തെറി സംസാരം“ എന്ന് മൂപ്പര്‍ ആത്മഗതം ചെയ്തിട്ടുണ്ടാവും. ഒരു തൃശ്ശൂര്‍ക്കാരന്റെ സംസാരം കേട്ടാല്‍ അങ്ങേര്‍ എന്ത് കരുതുമെന്നും ചിന്തിച്ചു പോയി. എന്തായാലും യഥാര്‍ത്ഥ സംഭവം ഇപ്രകാരം:-

വാങ്ങാനുള്ളവ തപ്പിയെടുത്ത് കൊണ്ടുവന്ന് കൌണ്ടറിലെ ടേബിളിന്മേല്‍ പരത്തി വെച്ച് കടയുടമയോടുള്ള ചോദ്യത്തില്‍ നിന്നാണ് തുടക്കം: “എത്രയാ?”

ഒരു കീശ(സഞ്ചി)യിലേക്ക് എല്ലാം വാരിയിട്ട്, അതിനൊപ്പം കണക്ക് കൂട്ടി കടയുടമയുടെ മറുപടി: “എട്ട് ”

ഒന്നുറപ്പു വരുത്താന്‍ എന്റെ മറുചോദ്യം: “എട്ടോ?”

കടയുടമ കട്ടായം പറഞ്ഞു: “ങ്ഹാ, എട്ട് ”

കീശ തൂക്കി അതിലേക്ക് ചൂണ്ടി എല്ലാം അതിലിട്ടില്ലേ എന്ന അര്‍ത്ഥത്തില്‍ ആഗ്യം കാണിച്ചു ഞാന്‍ കടയുടമയോട് ചോദിച്ചു: “ഇട്ടോ?”

അതും കടയുടമ‍ ഡീസന്റായി മറുപടി പറഞ്ഞു: “ഇട്ടു”

സംതൃപ്തിയോടെ കടയുടമയോട് ഒരു ഉപചാരം ചൊല്ലി ഞാന്‍ പിരിഞ്ഞു: “പോട്ടെ, കേട്ടോ...”

മലയാളിയുടെ സ്വതസിദ്ധമായ തലകുലുക്കി പുഞ്ചിരിയോടെ കടയുടമ പ്രതികരിച്ചതിനു പിന്നാലെ, ഞാനും മേല്‍ പറഞ്ഞ എന്റെ സഹപ്രവര്‍ത്തകനും പുറത്തേക്ക്. അപ്പോഴായിരുന്നു അങ്ങേര്‍ ആകാംക്ഷ അടക്കാനാവാതെ പൊട്ടിത്തെറി സംസാരത്തിന്റെ പിന്നിലെ രഹസ്യം ചോദിച്ചത് - പാവം!

ആശാന്‍ പിന്നെ ചോദിച്ചത് “പൊട്ടിത്തെറി അവിടെ നിക്കട്ടെ, എന്താ അവസാനം വെച്ച് ഉരുളക്കിഴങ്ങിനെ പറ്റി പറഞ്ഞത്? നാം അതു വാങ്ങിയിട്ടില്ലല്ലോ.” എന്നാണ്. ശ്ശോ, ഇറങ്ങാന്‍ നേരം “പോട്ടെ, ട്ടോ” എന്നു പറഞ്ഞത് ആശാന്‍ ഉരുളക്കിഴങ്ങാക്കിയല്ലോ എന്നാലോചിച്ചായി എന്റെ അടുത്ത പൊട്ടിച്ചിരി.

ഹോ - ഈ മലയാളികളുടെ ഒരു സംസാര ശൈല്യേ...!

Labels: , , ,

6 Comments:

Blogger പുഞ്ചിരി said...

മലയാളി പൊട്ടിത്തെറിച്ചു ! പാക്കിസ്ഥാനി ഞെട്ടിത്തെറിച്ചു !
ഇന്നലെ ഉച്ചക്ക് (25/11/2010 വ്യാഴം) ഉണ്ടായ ഒരു സംഭവകഥ !
വായിച്ച് അഭിപ്രായം രേഖപ്പെടുത്തണേ... ;-)

November 26, 2010 2:34 PM  
Blogger 0000 സം പൂജ്യന്‍ 0000 said...

kollaam nalla observation!

November 26, 2010 9:43 PM  
Blogger പുഞ്ചിരി said...

ഹേയ്... ഞാനിത് ഒബ്‌സേര്‍വ് ചെയ്തു ഉണ്ടാക്കിയ കാര്യമൊന്നുമല്ലാ ട്ടോ... സഹപ്രവര്‍ത്തകന്‍ ആകാംക്ഷ മൂടിവെക്കാതെ തുറന്നപ്പോള്‍ ഞാനാ കോണില്‍ നിന്നൊന്നു നോക്കി എന്നേ ഉള്ളൂ ട്ടോ ;-)

November 28, 2010 6:15 PM  
Blogger കരീം മാഷ്‌ said...

ഹ ഹ ഹാ രസമായി !
ഞങ്ങള്‍ മലയാളികള്‍ സ്വകാര്യമായി വല്ലതും മലയാളത്തില്‍ സംസാരിക്കുന്നതു കണ്ടാല്‍ ഇതര ഭാഷക്കാര്‍ കളിയാക്കുന്നത് അള-ഉള എന്നു പറഞ്ഞാണ്. മലയാളത്തില്‍ “ട്ട” പോലെ കണക്കിലധികം “ള” ഉണ്ടത്രേ

December 05, 2010 7:15 PM  
Anonymous Anonymous said...

ശ്ശോ, എന്നെയങ്ങ് കൊന്നേക്ക്, തന്നെയൊക്കെ കയറിട്ട് കെട്ടി വീട്ടിലെ മൂട്ടയുള്ള പെട്ടിയിലിട്ട് എട്ട് പൂട്ടിട്ട് പൂട്ടി കൊടുംങ്കാട്ടിലെ പൊട്ടക്കിണറ്റില്‍ തട്ടേണ്ടതാ... പിന്നെ കൂട്ടുകാര്‍ കൈകൊട്ടി പൊട്ടിച്ചിരിക്കേണ്ടാ എന്നു കരുതീട്ടാ ട്ടോ...

എന്ന് മുട്ടായിക്കൊതിന്‍.

December 14, 2010 10:16 PM  
Blogger പുഞ്ചിരി said...

കരീം മാഷേ, അതു പോലെ, പണ്ട് എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ട് വരെ ഉത്തര്‍പ്രദേശിലെ പിള്ളാരും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. കുളിക്കാനും മറ്റും വെള്ളമെടുക്കാന്‍ ബോര്‍വെല്ലിന്റെ അടുത്തും ടാങ്കിന്റെ അടുത്തുമൊക്കെ വരി നില്‍ക്കുന്ന സമയത്ത് അവന്മാര്‍ ബക്കറ്റില്‍ നാലഞ്ച് ഉരുളന്‍ കല്ലുവാരി ഇട്ട് ബക്കറ്റ് കുലുക്കി “ദാ, ഇതു പോലെയാ നിങ്ങളുടെ സംസാരം” എന്നു പറയാറുണ്ടായിരുന്നു.

മുട്ടായിക്കൊതിയാ.... കമന്റ് ക്ഷ പിടിച്ചിരിക്കുണൂട്ടോ... അങ്ങനത്തെ അതിക്രമങ്ങള്‍ കാണിക്കാന്‍ ഇങ്ങുവാ... വെച്ചിട്ടുണ്ട് ഞാന്‍...! ങ്ഹാ... ;-)

December 15, 2010 12:28 PM  

Post a Comment

<< Home